A Round Trip Bike Diary

 

യാത്രകള്‍ പലപ്പോഴും കാണാത്തതിനെ തേടി ഉള്ളത് ആയിരിയ്ക്കും, പക്ഷേ ഈ യാത്ര ഗതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആയിരുന്നു.

ടോം സോയേറും ഹക്കിള്‍ബറി ഫിന്നും ഹീറോകള്‍ ആയിരുന്ന കുട്ടിക്കാലത്ത് കയറിയിറങ്ങിയ കാടും മേടും തേടിയുള്ള യാത്ര. കൂട്ടത്തില്‍ ഹൈറേഞ്ച് കറങ്ങിയിട്ടില്ലാത്ത രണ്ടു ടെക്കികളെയും കൂടെ കൂട്ടി, അതില്‍ ഒരാള്‍ കട്ടപ്പനക്കാരന്‍ ആയിരുന്നെങ്കിലും ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടായിരുന്നു. ഏകദേശം 500 കിലോ മീറ്ററോളം ബൈക്ക് ഓടിക്കേണ്ടി വന്ന ഈ യാത്രയ്ക്ക് പറയത്തക്ക തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സ്ഥലങ്ങള്‍ കാണുക എന്നതിലുപരി റൈഡിങ് ആയിരുന്നു ലക്ഷ്യം. അതുകൊണ്ടു തിരഞ്ഞെടുത്ത വഴികളും അല്പം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

കൊച്ചിയില്‍ നിന്നു നേര്യമംഗലം അവിടുന്നു പനംകുട്ടി വഴി പൊന്മുടി ഡാം, അവിടുന്നു രാജാക്കാട് ബൈസണ്‍ വാലി വഴി ദേവികുളം. ദേവികുളത്തു നിന്നും തേയില എസ്റ്റേറ്റിനകത്ത് കൂടെ മാട്ടുപ്പെട്ടി, കുണ്ടള കാന്തല്ലൂര്‍ വഴി ഉടുമല്‍പെട്ട. അവിടെ ഒരു ദിവസം താമസിച്ചതിന് ശേഷം വാല്‍പ്പാറ വഴി മടക്കം. ഇതായിരുന്നു പ്ലാന്‍. പക്ഷേ ചെണ്ടുവര റൂട്ടില്‍ നിന്നും കാന്തലൂര്‍ ഭാഗത്തേക്ക് പോകേണ്ടത് ആനമുടി ചോല നാഷണല്‍ പാര്‍ക്കിലൂടെ ആണ്. വനം വകുപ്പില്‍ ബന്ധപ്പെട്ടു അതുവഴി യാത്രയ്ക്കുള്ള  അനുമതിക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ കാന്തല്ലൂര്‍ വിട്ട് മൂന്നാര്‍ വഴി റൂട്ട് മാറ്റി വരച്ചു.

മൂന്നു പേര്‍ രണ്ടു ബൈക്കുകള്‍. ഞങ്ങള്‍ രണ്ടു പേര്‍ കൊച്ചിയില്‍ നിന്നും രാവിലെ 4.30 യാത്ര തുടങ്ങി. മൂന്നാമന്‍ കോതമംഗലത്ത് നിന്നും കൂടെ കൂടി. നേര്യമംഗലത്തു നിന്നും കട്ടപ്പനക്ക് പോകുന്ന വഴിയിലേക്ക് ഞങ്ങള്‍ തിരിഞ്ഞു. ഈ ഭാഗത്ത് ആനയിറങ്ങുന്നതിന്റെ കഥകള്‍ കട്ടപ്പനക്കാരന്‍ കൂട്ടുകാരന്‍ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നേകിലും ഒരു വന്യജീവികളെയും ഞങ്ങള്‍ കണ്ടില്ല.  ഏകദേശം ആറരയോട് കൂടി ഞങ്ങള്‍ കരിമണല്‍ ഡാമിനടുത്ത് എത്തി. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ റോഡില്‍ പതിയെ വെളിച്ചം വീണു തുടങ്ങിയിരുന്നു. ഡാം റിസര്‍വോയറിന്റെ അരികില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. കയ്യിലുണ്ടായിരുന്ന പഴവും കഴിച്ച് ഡാമിന്റെ റിസര്‍വോയറില്‍ ഇറങ്ങി. ഞാന്‍ പതിയെ വിരലുകള്‍ മാത്രം വെള്ളത്തില്‍ മുക്കി നോക്കി നല്ല ഐസ് ഉരുകിയ പോലത്തെ തണു തണുത്ത വെള്ളം. കൂടെ ഉണ്ടായിരുന്നവര്‍ കുറച്ചു കൈക്കുംമ്പിളില്‍ കോരി മുഖം കഴുകി. ഇനിയങ്ങോട്ട് ബൈക്ക് ഓടിക്കാന്‍ അല്പ്പം ബുദ്ധിമുട്ടുള്ള വഴികള്‍ ആണ്. രോഹിത് യുണികോണ്‍ന്റ്റെ  താക്കോല്‍ എന്നെ ഏല്‍പ്പിച്ചു. സൂര്യന്‍ അപ്പോഴും മടിച്ച് മടിച്ച് കൂറ്റന്‍ മരച്ചില്ലകള്‍ക്കിടയിലൂടെ എത്തി നോക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

 

1

പനംകുട്ടി പാലത്തില്‍ കയറിയപ്പോള്‍ ഞാന്‍ വേഗത കുറച്ചു, മുതിരപ്പുഴയാര്‍ പെരിയാറില്‍ വന്നു ലയിക്കുന്ന സ്ഥലത്തേക്ക് ഞാന്‍ കൈ ചൂണ്ടി. മഴക്കാലത്ത് ആര്‍ത്തലച്ചു വരുന്ന രണ്ടു ആറുകളും ചെത്തി മിനുസപ്പെടുത്തിയ ഉരുളന്‍ കല്ലുകളാല്‍ നിറഞ്ഞിരുന്നു അവിടം. മഴക്കാലമായാല്‍ കാതടപ്പിക്കുന്ന ശബ്ദ്ദത്തോടെയാണ് വെള്ളം വന്നു പതിക്കുന്നത്. ഇതിന് മുകളില്‍ മുതിരപ്പുഴയാറിന് കുറുകെ കെട്ടിയിരിക്കുന്ന കല്ലാര്‍കുട്ടി ഡാം തുറന്നു വീട്ടിട്ടുണ്ടെങ്കില്‍ ആറിന് ശക്തി കൂടും. പണ്ട് ഇവിടെ ചൂണ്ട ഇടാന്‍ വന്നിരുന്ന കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോളേക്കും കല്ലാര്‍കുട്ടി ഡാം എത്തി. അവിടെ നിന്നും വെള്ളത്തൂവലിന് ഉള്ള വഴിയിലേക്ക് ഞങ്ങള്‍ തിരിഞു. വെള്ളത്തൂവല്‍ എന്ന പേര് കേട്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് വലിയ പ്രതീക്ഷകള്‍ ആയിരുന്നു. വെള്ളത്തൂവല്‍ ഒരു ചെറിയ ടൌണ്‍ ആണ്. കുറച്ചു കടകള്‍, ഒരു പള്ളി, ചെങ്കുളം പവര്‍ ഹൌസ്, പന്നിയാര്‍കുട്ടി പവര്‍ ഹൌസ്, ഇവിടങ്ങളില്‍ ഉള്ള ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കെ‌എസ്‌ഇ‌ബിയുടെ ക്വാര്‍ട്ടേര്‍സ്കള്‍ ഒരു ചെറിയ ബസ് സ്റ്റാന്‍റ്  ഇത്രയുമായാല്‍ വെള്ളത്തൂവല്‍ ടൌണ്‍ ആയി.

വീണ്ടും കയറ്റം തുടങ്ങി പൊന്മുടി ഡാമിലേക്കുള്ള റോഡ് ആണ്. ഡാമില്‍ കയറാതെ താഴെ കൂടിയുള്ള തൂക്കു പാലത്തിലൂടെ പോകാന്‍ ആയിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. തൂക്കു പാലത്തെക്കുറിച്ച് വലിയ പ്രതീക്ഷ ഒന്നും വേണ്ട അതൊരു പഴയ തുരുംപിച്ച സാധനം ആയിരിയ്ക്കും എന്നു ഞാന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷേ ഒരു പുതുപുത്തന്‍ തൂക്കുപാലം ആയിരുന്നു ഞങ്ങളെ വരവേറ്റത്. അതിന്റെ കൈവരികളും കമ്പികളും  നല്ല വെള്ളി നിറം പൂശി മനോഹരമാക്കിയിരിക്കുന്നു. ഞങ്ങള്‍ ബൈക്കുകള്‍ നിര്‍ത്തി ക്യാമറ പുറത്തെടുത്തു. പാലത്തിനടിയിലൂടെ ആര്‍ത്തലച്ചു ഒഴുകുന്ന ആറ്. രണ്ടു വശങ്ങളിലും കൂറ്റന്‍ പാറകള്‍. കുറച്ചു നേരം ആറിന്റെ തീരത്ത് ഇരുന്നാലോ എന്നാലോചിച്ചുപോയി. പക്ഷേ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാന്‍ ഉണ്ട് കാണാന്‍ കാഴ്ചകളും. വീണ്ടും ക്യാമറ ബാഗിലാക്കി യാത്ര തുടര്‍ന്നു. താഴെ നിന്നും ഡാമിന്റെ ചെറിയ ഒരു ഭാഗം കണ്ട രോഹിതിന് ഡാം കാണണം എന്നു പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഡാം സൈറ്റ്ലേക്ക് വണ്ടി തിരിച്ചു. ഡാമിന് ഒത്തനടുക്ക് നിന്ന് അങ്ങ് ദൂരെ തല ഉയര്‍ത്തി നില്‍ക്കുന്ന ചോക്ര മുടിയിലേക്ക് കൈ ചൂണ്ടി ഞാന്‍ പറഞ്ഞു, നമ്മള്‍ ഇനി ആ മലയിലേക്കാണ് പോകുന്നത്.

Hanging_Bridge

 

Hanging_Bridge2

വീണ്ടും യാത്ര. ഇത്തവണ വലിയ കയറ്റിറക്കങ്ങള്‍ കുറവായിരുന്നു ഏകദേശം എട്ടരയോട് ഞങ്ങള്‍ രാജാക്കാട് എത്തി. രാജാക്കാട് എന്നു പറഞ്ഞപ്പോള്‍ രോഹിത് കരുതിയത് സൂര്യന്‍ പോലും എത്തി നോക്കാന്‍ മടിക്കുന്ന കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ ഏതോ താഴ്വര ആണെന്നൊക്കെയായിരുന്നു, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു നല്ല ടാര്‍ ചെയ്ത റോഡും ഷോപ്പിങ് കോംപ്ലെക്സുകളും ഒക്കെ ഉള്ള അത്യാവശ്യം വലിയ ഒരു ടൌണ്‍ ആണ് അദ്ദേഹത്തെ വരവേറ്റത്. ടൌണില്‍ ഉള്ള ഹോട്ടലുകള്‍ ഒക്കെ കാക്കനാട് ഉള്ള പല ഹോട്ടലുകളെക്കാളും നല്ലതായിരുന്നു. ഒരു നാടന്‍ ചായക്കട ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. രാജകുമാരി എത്തുന്നതിന് മുന്നേ ബൈസന്‍വാലിക്കു തിരിയുന്ന ജംഗ് ഷനില്‍  ഒരു ചായക്കട കണ്ടു ഞങ്ങള്‍ അവിടെ കയറി. പഴയ രീതിയില്‍ ഉള്ള ടേബിളും സ്റ്റൂളും ഇട്ട ഒരു ചായക്കട. അവിടുത്തെ ചില്ലലമാരയില്‍ നല്ല ചൂടന്‍ ഇടിയപ്പവും അപ്പവും, ആവി പൊങ്ങി മങ്ങി ഇരിക്കുന്ന ചില്ലിലൂടെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

അവിടുത്തെ ഓട്ടോചേട്ടന്മാരോടു വഴി ഒന്നൂടെ ഉറപ്പാക്കി ബൈസന്‍വാലി വഴി വച്ച് പിടിച്ചു. പോകേ പോകേ വഴി മോശമായി തുടങ്ങി.കുത്തനെയുള്ള ഇറക്കങ്ങളും കയ്യറ്റങ്ങളും തുടങ്ങി. വഴിയ്ക്കിരുവശവും ഏല തോട്ടങ്ങള്‍ അതിനിടയില്‍ കൂറ്റന്‍ മരങ്ങള്‍. ഇടക്കിടക്ക് ഏല തോട്ടത്തില്‍ പണിക്കു പോകുന്ന തമിഴര്‍ റോഡിലൂടെ നടന്നു പോകുന്നു. മരുന്നിന് പോലും ഒരു വാഹനവും ഞങ്ങള്‍ റോഡില്‍ കണ്ടില്ല. അങ്ങനെ കുറെ സമയം രണ്ടും മൂന്നും ഗിയറുകളില്‍ മാറി മാറി യുണികോണ്‍ ഞങ്ങളെയും താങ്ങി കുതിച്ചുകൊണ്ടിരുന്നു. കയറ്റം കയറി ഒരു മലയുടെ മുകളില്‍ എത്തി ഇനി താഴേക്കു എസ് വളവുകള്‍ നിറഞ്ഞ കുത്തനെ ഉള്ള ഇറക്കമാണ്. പുറകെ വന്നുകൊണ്ടിരുന്ന സുഹൃത്തിനോട് സൂക്ഷിച്ചു ഓടിക്കണം എന്ന നിര്‍ദ്ദേശം കൊടുത്തു ഞങ്ങള്‍ മല ഇറങ്ങി തുടങ്ങി. ആദ്യ എസ് വളവിന് മുന്നേ തന്നെ അധികം ദൂരെ അല്ലാതെ ചോക്ര മുടി വീണ്ടും കണ്ടു ഉടനെ വണ്ടി നിര്‍ത്തി ക്യാമറ പുറത്തെടുത്തു. ചോക്ര മുടിയുടെ ഈ വ്യൂ ഇവിടെ നിന്നു മാത്രമേ കിട്ടൂ.

2016-27-7--18-17-08

വീണ്ടും മലയിറക്കം നല്ല കുത്തനെയുള്ള എസ് വളവുകള്‍, ഒന്നു കൈ വിട്ടാല്‍ കൊങ്ങിണിക്കാടുകള്‍ക്കിടയിലൂടെ താഴെ റോഡില്‍ കിടക്കും. പെട്ടന്നു ഒരു വളവ് തിരിഞു താഴേക്കു ഇറങ്ങിയപ്പോളാണ് മനോഹരമായ ആ കാഴ്ച ഞങ്ങളുടെ കണ്ണുകള്‍ക്ക് ആനന്ദം പകര്‍ന്നത്. വഴിയ്ക്കിരുവശവും ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന് പൂത്തു നില്‍ക്കുന്ന കൊങ്ങിണി ചെടികള്‍, അതിന്റെ മഞ്ഞ, ഓറഞ്ച്, ചുവപ്പ് പൂക്കള്‍ക്കിടയിലൂടെ തലനീട്ടി നില്‍ക്കുന്ന കൂവള പൂക്കളും കോളാമ്പി പൂക്കളും.കൊങ്ങിണിപ്പൂക്കല്‍ കൊണ്ടുണ്ടാക്കിയ ഒരു നീളന്‍ ബൊക്കയില്‍ കൂവളപൂക്കളും കോളാംമ്പിപൂക്കളും ആരോ നിറച്ചത് പോലെ തോന്നി. പെട്ടന്നു ഓര്‍ത്തത് ആരോ നാട്ടുവളര്‍ത്തിയതാണെന്നാണ്, പക്ഷേ പിന്നീട് മനസിലായി പ്രകൃതി നട്ട് പരിപാലിച്ച ആര്‍ക്കും അവകാശം പറയാന്‍ ഇല്ലാത്ത ഒരു വഴിയോര പൂന്തോട്ടം ആയിരുന്നു അതെന്ന്. ഫോട്ടോ എടുക്കാന്‍ ഞാന്‍ വണ്ടി നിര്‍ത്താന്‍ ഒരു വിഫല ശ്രമം നടത്തി പക്ഷേ കുത്തനെ ഉള്ള ഇറക്കവും വളവുകളും അതിനു സമ്മതിച്ചില്ല.

യാത്രയുടെ തുടക്കത്തിലെ ഞാന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു നമ്മള്‍ പോകുന്ന റൂട്ട് നേരെ ഉള്ളതല്ല വളഞ്ഞു ചുറ്റിയാണ് അത് കൊണ്ട് ആരോടെങ്കിലും വഴി ചോദിക്കുമ്പോള്‍ നമ്മുടെ അടുത്ത ഡെസ്റ്റിനേഷന്‍ ചോദിക്കാവൂ. ബൈസന്‍വാലിയില്‍ നിന്നും മുട്ടുകാടിനുള്ള വഴിയില്‍ വച്ച്  പക്ഷേ കൂട്ടുകാരന്‍ വഴി ചോദിച്ചത് മൂന്നാറിനാണ് അപ്പോള്‍ ഒരു കൈലി മുണ്ടും ഉടുത്തു പുല്ലു വെട്ടികൊണ്ടിരുന്ന ഒരു അപ്പച്ചന്‍ പറഞ്ഞു

“എന്‍റ മക്കളെ മൂന്നാറിന് പോകാന്‍ എന്നതിനാ ഈ വഴി വരുന്നേ ഇപ്പ വന്ന വഴി തന്നെ തിരിച്ചു പോകണം”.

പെട്ടന്നു ഞാന്‍ പറഞ്ഞു

“അല്ല അപ്പച്ചാ ഞങ്ങള്‍ക്ക് ഗ്യാപ്പ് റോഡിലേക്ക് ആണ് കേറേണ്ടത്”,

“ആ അത് നേരെ ചെന്നിട്ട് ഇടത്തോട്ടുള്ള വഴി പിടിച്ചാല്‍ മതി”

ഞങ്ങള്‍ ആ പറഞ്ഞ വഴിയിലേക്ക് തിരിഞു. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കുത്തനെയുള്ള കയറ്റം ആയിരുന്നു. പോരാത്തതിന് ഹെയര്‍ പിന്‍ വളവുകളും ഒരു കയറ്റത്തില്‍ ഫസ്റ്റ് ഗീയറിലും വണ്ടി കയറാതെ വന്നു. ഞാന്‍ ബ്രേക് കൊടുത്തെങ്കിലും വണ്ടി തിരിച്ചിറങ്ങി പോന്നു കൊണ്ടേയിരുന്നു, പുറകില്‍ ഇരുന്ന രോഹിത് പെട്ടന്നു ചാടി ഇറങ്ങി, വണ്ടി പെട്ടന്ന് ഓഫ് ആയി, ബൈക്ക് രോഹിതിനെ മുന്നില്‍ ആക്കി വീണ്ടും നിരങ്ങി താഴേക്കു പോന്നു. പെട്ടന്നു തന്നെ ഞാന്‍ സെല്‍ഫ് സ്റ്റാര്‍ട്ട് അടിച്ചു ത്രോട്ട്ലെ കൊടുത്തു, ഭാഗ്യം മുന്‍വശത്തെ ചക്രം വായുവില്‍ ഒന്നു ഉയര്‍ന്നു പൊങ്ങി വണ്ടി മുന്നോട്ട് കുതിച്ചു അല്പം ഒരു നിരപ്പായ സ്ഥലത്തു ഞാന്‍ വണ്ടി നിര്‍ത്തി. എന്‍റെ ഹൃദയമിടിപ്പ് രോഹിത്നും കേള്‍ക്കമായിരുന്നു എന്നു തോന്നി. ഞാന്‍ തിരിഞു നോക്കി പുറകില്‍ ഒരു എസ് വളവ് ആയിരുന്നു കുറച്ചുകൂടി തെന്നി ഇറങ്ങിയിരുന്നേകില്‍ കൊങ്ങിണികാടുകള്‍ക്കിടയിലൂടെ ഞാനും വണ്ടിയും  അങ്ങ് താഴേക്കു പതിച്ചെനെ.

വീണ്ടും കയറ്റം, കുത്തനെയുള്ള കയറ്റം, ചില സ്ഥലങ്ങളില്‍ റോഡ് മണ്ണിടിഞ്ഞു ഒലിച്ചു പോയിരുന്നു അവിടെയൊക്കെ രോഹിതിനെ ഇറക്കി ഞങ്ങള്‍ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു കയറ്റി. കുറെ കഴിഞ്ഞപ്പോള്‍ ഏകദേശം നിരപ്പായ ഒരു സ്ഥലത്തു എത്തി. ഇപ്പോള്‍ ഏകദേശം ഗ്യാപ്പ് റോഡ്ന് താഴെയായി എത്തി. ചോക്ര മുടിയിലേക്ക് കയറിയാലോ എന്നു പറഞ്ഞു ഞങ്ങള്‍ അവിടെ വണ്ടി നിര്‍ത്തി. നോക്കിയപ്പോള്‍ ചോക്രമുടിയിലേക്ക് കയറുന്ന സ്ഥലത്തു ഒരു വലിയ ഇരുമ്പ് ഗെയ്റ്റ് സ്ഥാപിച്ചിരിക്കുന്നു അവിടെ നിന്നും കോണ്‍ക്രീറ്റ് കെട്ടി കല്ല് പാകിയ ഒരു വഴി ചോക്ര മുടിയുടെ മുകളിലേക്കു വളഞ്ഞു പുളഞ്ഞു പോകുന്നു. ഞങ്ങള്‍ ഗെറ്റ്നു വശത്ത് കൂടി ഉള്ള ഒരു ചെറിയ വിടവിലൂടെ കടന്നു മുകളിലേക്കു നടന്നു. നടക്കുന്ന വഴിയില്‍ കൂട്ടുകാരാരോ പറഞ്ഞു

“ഇതെതോ റിസ്സോര്‍ട്ട്കാരുടെ ഭൂമി ആണെന്ന് തോന്നുന്നു. അപ്പോ ഇനി ഒരു വര്ഷം കൂടി കഴിഞ്ഞാല്‍ ഇതിന്റ്റെ കാര്യവും തീരുമാനമാകും.”

2016-27-7--18-18-12

Chokramudi

Chokramudi2

ഞങ്ങള്‍ നടന്നു മുകളിലെത്തി. ഒരു വലിയ പാറയുടെ മുകളില്‍ കയറി ക്യാമറ പുറത്തെടുത്തു. അവിടെ നിന്നും ഞങ്ങള്‍ വന്ന വഴി അങ്ങ് ദൂരെ മലകളിലേക്ക് ചൂണ്ടി കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ചോക്രമുടിയുടെ താഴ്വര പ്രദേശം ആണ് ബൈസന്‍വാലിയും മുട്ടുകാടും. അങ്ങ് ദൂരെ കൃഷിയിടങ്ങളും ഏലക്കാടുകളും മൂടല്‍ മഞ്ഞിനിടയിലൂടെ തെളിഞ്ഞു വന്നു. അവിടിവിടായി തീപ്പെട്ടി കൂടുകള്‍ പോലെ വീടുകള്‍, താഴ്വരയെ രണ്ടാക്കി പകുത്ത് പോകുന്ന ബൈസന്‍വാലി – മുട്ടുകാട് റോഡ്. എല്ലാം ഒരു പനോരമ ഫോട്ടോഗ്രാഫില്‍ എന്ന വണ്ണം മനസില്‍ നിറച്ചു ഞങ്ങള്‍ കുന്നിറങ്ങി. ഇറങ്ങുന്ന വഴി ഒന്നുകൂടി തിരിഞു ചോക്രമുടിയുടെ തുഞ്ചത്തെക്കു കണ്ണു പായിച്ചു.  ചോക്രമുടിയുടെ തുഞ്ചത്തെക്കു ഇനിയും ഒരുപാട് കയറണം ഇരുട്ട് വീഴുന്നതിന് മുന്‍പേ ചിന്നാര്‍ ചെക്ക്‍പോസ്റ്റ് കടക്കണം എന്നുള്ളതിനാല്‍ ഞങ്ങള്‍ മുകളിലേക്കു അധികം കയറിയില്ല.

2016-27-7--18-18-35

2016-27-7--18-18-57

ഗ്യാപ്പ് റോഡില്‍ നിന്നും മൂന്നാറിലേക്കുള്ള വഴിയേ യാത്ര തുടര്‍ന്നു. ഒരു വശത്ത് കറുകറുത്ത കൂറ്റന്‍ പാറകെട്ടുകള്‍ മറുവശത്തു അഗാധമായ കൊക്ക. ഇടത്തു വശത്ത് റോഡിന് കല്‍കെട്ടുകള്‍ ഉണ്ടെങ്കിലും അക്രോഫോബിയക്കാരനായ എന്‍റെ നെഞ്ചിടിപ്പു കൂടി വന്നു. ഗ്യാപ്പ് റോഡ് തീരുന്നിടത്ത് നിന്നും റോഡിന് ഇരുവശവും കൂറ്റന്‍ മരങ്ങള്‍ കാണായി വന്നു. രണ്ടു വശവും പൊന്തക്കാടുകളും മരങ്ങളും കൊണ്ട് നിറഞ്ഞ ഒരു ഭാഗത്തേക്കും അവിടുന്നു പച്ചപ്പുതച്ച തേയിലത്തോട്ടങ്ങളിലേക്കും ഉള്ള എന്‍ട്രി പെട്ടന്നായിരുന്നു. പുറകില്‍ ഇരുന്ന കൂട്ടുകാരന്‍ അറിയാതെ ഉച്ചത്തില്‍ കൂകിവിളിച്ചു പോയി. അത്ര മനോഹരമായിരുന്നു ആ കാഴ്ച. ഇരുട്ടത്തു നിന്നും പെട്ടന്നു തേയിലത്തോട്ടങ്ങളുടെ ഹരിതാഭയിലേക്കുള്ള ഒരു ഒന്നൊന്നര എന്‍ട്രി. ഒന്നുകൂടി വണ്ടി ഓടിച്ചു പോയി തീരിച്ചു വന്നാലോ എന്നു വരെ തോന്നിപ്പോയി. ഒരുപാട് നാള് മൂന്നാറില്‍ താമസിച്ചിട്ടുണ്ടെങ്കിലും എന്നെയും വല്ലാതെ എക്സൈറ്റ് ചെയിച്ചു കളഞ്ഞു ആ കാഴ്ച, അത്ര സമയം വണ്ടി ഓടിച്ചതിന്റെ ക്ഷീണവും, തലനാരിഴക്ക് മാറിപ്പോയ അപകടത്തിന്‍റെ അമ്പരപ്പും എല്ലാം മായ്ച്ചു കളഞ്ഞ ഒന്ന്.

പ്രകൃതിയെ ടൂറിസത്തിന്‍റെ പേരും പറഞ്ഞു നശിപ്പിക്കുന്നതിന്‍റെ ഒന്നാം തരം ഉദാഹരണം ആണ് മൂന്നാര്‍. എന്‍റെ ചെറുപ്പത്തില്‍ മൂന്നാര്‍ ഇതിലും മനോഹരി ആയിരുന്നു. ഇപ്പോ മൂന്നാര്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. എങ്ങും സഞ്ചാരികളുടെ ബഹളം, വാഹനങ്ങളുടെ ഇരമ്പം. മൂന്നാര്‍ കാണാന്‍ വരുന്നവര്‍ ഉപേക്ഷിച്ചു പോകുന്ന വേസ്റ്റ് കുപ്പികളും മറ്റും നിറഞ്ഞ മുതിരപുഴയാര്‍.

ഇന്ധനം നിറച്ചതിന് ശേഷം,മൂന്നാറില്‍ തങ്ങാതെ ഞങ്ങള്‍ പെട്ടന്നു തന്നെ യാത്ര തുടര്‍ന്നു. മൂന്നാര്‍-മറയൂര്‍ വഴി നല്ല തകര്‍പ്പനായിട്ടു ടാര്‍ ചെയ്തിട്ടുണ്ടായിരുന്നു. നല്ല വെയില്‍ ഉണ്ടായിരുന്നെകിലും വീശിയടിക്കുന്ന കാറ്റിന് നല്ല തണുപ്പായിരുന്നു. ജാക്കറ്റിന്‍റെ കൈക്കുളിലൂടെ തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു.

മൂന്നാര്‍ മറയൂര്‍ റോഡിലെ കാഴ്ചകള്‍ അതിമനോഹരമായിരുന്നു. പച്ച പുതച്ച തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡ്, ഇരുവശങ്ങളിലും പൂത്തുലഞ്ഞു നില്‍ക്കുന്ന വാകമരങ്ങള്‍, അവയുടെ പൂക്കള്‍ വീണു ചുവന്ന മണ്ണ്, ഇടക്കിടക്ക് തേയില ചാക്കുകളും നിറച്ചു പോകുന്ന ട്രെയിലറുകള്‍, അങ്ങ് ദൂരെ തലയുയര്‍ത്തി നിക്കുന്ന കാന്തല്ലൂര്‍ മലകള്‍. കോവില്‍കടവിലേക്കുള്ള ഇറക്കത്തില്‍ വലതുവശത്തു അങ്ങ് ദൂരെയായി പാമ്പാറിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം. മഞ്ഞിന്റെ ആവരണം നീക്കി ഇടയ്ക്കിടക്ക് മാത്രം കാണാന്‍ പറ്റുന്ന ഉത്തുംഗമായ മലനിരകള്‍. ഞാന്‍ ബൈക്കിന്‍റെ വേഗത കുറച്ചു. മറയൂരിലേക്ക് അടുക്കുംതോറും തണുപ്പ് കുറഞ്ഞു വന്നു. ഉച്ചഭക്ഷണത്തിന് ശേഷം ജാക്കറ്റ് ഊരി ബാഗിലാക്കി.ഹൈറേഞ്ച് കഴിഞ്ഞു ഇനി വലിയ പ്രശ്നമില്ലാത്ത വഴികള്‍ ആണ്. രോഹിത് വീണ്ടും വണ്ടി എടുത്തു ഇത്തവണ ജിതിന്‍ FZ യുടെ താക്കോല്‍ ഏല്‍പ്പിച്ചു പുറകില്‍ കയറി. വീണ്ടും യാത്ര.

തമിഴ്നാട് കേരള അതിര്‍ത്തിയാല്‍ ചെക്കിങ്ങിനായി വണ്ടി നിര്‍ത്തി. ബാഗുകള്‍ എല്ലാം തുറന്നു കാണിക്കേണ്ടി വന്നു, കൂട്ടുകാരിലൊരാള്‍ വണ്ടിയുടെ നമ്പരും മറ്റും എഴുതാന്‍ പോയ തക്കത്തിന് കുറെ കുട്ടികുരങ്ങന്‍മാര്‍ ചാടി ബൈക്കില്‍ കയറി ബാഗ് തുറക്കാന്‍ ഒരു ശ്രമം നടത്തി. അവന്മാരെ ഓടിച്ചു വിട്ടു ഞങ്ങള്‍ യാത്ര തുടര്‍ന്നു

പച്ച പട്ടുപുതച്ച മൂന്നാറിനെക്കാള്‍ സുന്ദരി ആയിരുന്നു വന്യമായ സൌന്ദര്യം ഉള്ളിലടക്കിയ ചിന്നാര്‍. കള്ളിമുള്‍ ചെടികള്‍, ചെറിയ ഇലകള്‍ ഉള്ള, കുറിയ മുകള്‍ഭാഗം പരന്ന മരങ്ങള്‍.ചെമ്മണ്ണ്, പൊടിപടലങ്ങള്‍, ചില ഭാഗങ്ങള്‍ ആഫ്രിക്കയിലെ ചില വന്യജീവി സങ്കേതങ്ങളെ അനുസ്മരിപ്പിക്കുന്നു എന്നു പറഞ്ഞാലും അതിശയോക്തി ആകിലെന്ന് തോന്നിപ്പോയി. എത്ര പെട്ടന്നാണ് പ്രകൃതി മാറിയത്. വീശിയടിക്കുന്ന തണുത്ത കാറ്റിന് പകരം ചൂട് പൊടികാറ്റ് അടിച്ചു തുടങ്ങി.

Udumalai

2016-27-7--18-19-13

 

ഏക്കറുകണക്കിന് കൃഷിയിടങ്ങളും കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന റോഡും കാണായി വന്നു. വൈകീട്ട് 5 മണിയോടുകൂടി ഉടുമല്‍പേട്ട് എത്തി. അവിടെ ജിതിന്‍റെ കൂട്ടുകാരെ കണ്ടു. ബാഗും സാധനങ്ങളും മറ്റും റൂമില്‍ വച്ച് അവരുടെ പുറകെ വച്ച് പിടിച്ചു. തിരുമൂര്‍ത്തി വെള്ളച്ചാട്ടം കാണിക്കാനായിട്ടാണ് അവര്‍ ഞങ്ങളെ കൊണ്ടുപോയത്. അവിടുന്നു ഏകദേശം 20 കിലോ മീറ്റര്‍ യാത്ര ഉണ്ട്. ആനമലൈ റിസേര്‍വ് ഫോറെസ്റ്റ് റേഞ്ചില്‍ പെട്ട ഒരു ഭാഗത്താണ് ഈ വെള്ളച്ചാട്ടം. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും സന്ദര്‍ശന സമയം കഴിഞ്ഞിരുന്നു. ടൂറിസത്തിന്‍റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ മറ്റൊരു മനോഹര ദൃശ്യം ആണ് ഞങ്ങളെ വരവേറ്റത്. കാടിനുള്ളിലും തിരുമൂര്‍ത്തി ഡാം തീരത്തുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിരുന്നു. ഭക്ഷണം കഴിച്ചിട്ടു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളാലും മാലിന്യങ്ങളാലും നിറഞ്ഞിരുന്നു അവിടം, എത്രയും പെട്ടന്നു അവിടുന്നു പോയാല്‍ മതിയെന്നായി എനിക്കു. തിരുമൂര്‍ത്തി ഡാം സൈറ്റില്‍ അല്‍പസമയം ചിലവഴിച്ചു, അവിടെ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ അമരാവതി ഡാമിന്റെ മുകല്‍നിരയിലെ മലകളും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മലനിരകളും എല്ലാം അങ്ങ് ദൂരെയായി കാണാം. അന്നത്തെ യാത്ര അവസാനിപ്പിച്ചു റൂമിലേക്ക് മടങ്ങി

 

Thirumoorthi_Reservoir

Thirumoorthi_Dam

രാവിലെ ഓരോ കാലിച്ചായ കുടിച്ചതിന് ശേഷം യാത്ര തുടര്‍ന്നു, ചായക്കടയിലെ മലയാളി ചേട്ടന്‍ ആണ് ആളിയാര്‍ ഡാമിലേക്കുള്ള വഴി പറഞ്ഞു തന്നത്. ഉടുമലൈ പൊള്ളാച്ചി റൂട്ടില്‍ നിന്നും മുക്കോണം എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിയണം.

WindMills

വീണ്ടും യാത്ര. ഉടുമലൈ പൊള്ളാച്ചി റൂട്ടിലെ പ്രധാന ആകര്‍ഷണം കൂറ്റന്‍ കാറ്റടി യന്ത്രങ്ങള്‍ ആണ്. ഒരു കാറ്റാടിയന്ത്രത്തിനടുത്ത് നിന്നു ഫോട്ടോ എടുത്തത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഷോളയാര്‍ പ്രവേശിക്കുന്നതിന് മുന്‍പ് പ്രവേശന ഫീസ് എടുക്കാന്‍ വണ്ടി നിര്‍ത്തി .ഒരാള്‍ക്ക് 20 രൂപ ആയിരുന്നു. വീണ്ടും യാത്ര, അടുത്ത ഡെസ്റ്റിനേഷന്‍ മങ്കിഫാള്‍സ് വെള്ളച്ചാട്ടം ആയിരുന്നു അവിടെയും 5 രൂപ ഫീസ് കൊടുത്തു വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പിടിച്ച്. മുകളില്‍ നിന്നും വെള്ളം താഴേക്കു വന്നു പതിക്കുന്നതിന്റെ ശബ്ദം താഴെ നിന്നു തന്നെ കേള്‍ക്കാമായിരുന്നു. കൂട്ടുകാര്‍ ഓരോ തോര്‍ത്തും എടുത്തു വെള്ളച്ചാട്ടത്തിലേക്ക് നടന്നു. വെള്ളച്ചാട്ടത്തിന് കീഴെ ഒരു പത്തന്‍പത് ആളുകള്‍ എങ്കിലും കാണും. തിക്കി തിരക്കി അതിനിടയിലേക്ക് പോകാന്‍ എനിക്കു മനസ് വന്നില്ല.

വീണ്ടും മലകയറാന്‍ തുടങ്ങി, ഓരോ ഹെയര്‍ പിന്‍ വളവുകള്‍ കഴിയുമ്പോഴും ഞങ്ങള്‍ കൈ ഉയര്‍ത്തി എത്രാമത്തെ ആണെന്ന് കാണിച്ചുകൊണ്ടിരുന്നു. 40 മുടിപ്പിന്‍ വളവുകള്‍ ആണ് വാല്‍പ്പാറയിലേക്ക് ഉള്ള വഴിയില്‍. അങ്ങ് ദൂരെ തേയില തോട്ടങ്ങള്‍ കാണായി വന്നു. നാല്‍പതാമത്തെ മുടിപ്പിന്‍ വളവിന്റെ ബോര്‍ഡിനരികില്‍ നിന്നു ഫോട്ടോ എടുത്തത്തിന് ശേഷം യാത്ര തുടര്‍ന്നു.

Valparai

അടുത്ത ലക്ഷ്യം മലക്കപ്പാറ ആണ്. വാല്‍പ്പാറ വരെ പോകാന്‍ സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഷോളയാര്‍ റോഡിലേക്ക് തിരിഞു. ഷോളയാര്‍ ഡാമും കഴിഞ്ഞു മലക്കപ്പാറ എത്തി. ഉച്ചയൂണും കഴിഞ്ഞ് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മലയിറക്കം.മലക്കപാറയില്‍ നിന്നും ഇടമലയാറിലേക്ക് കുറച്ചു ദൂരമേ ഉള്ളൂ, മലയിറങ്ങി അങ്ങേ വശം എത്തിയാല്‍ കപ്പായം ട്രൈബല്‍കോളനി ആയി, അവിടുന്നു ഇടമലയാര്‍ റിസര്‍വോയറിലേക്ക് ഇറങ്ങാം. വാഹനങ്ങള്‍ ഒന്നും പോകില്ല നടന്നു വേണം പോകാന്‍,വനം വകുപ്പിന്റെ അനുമതിയും വേണം. ഒരിക്കല്‍ ആ വഴി ഒന്നു പിടിക്കണം എന്നു പറഞ്ഞു കൊണ്ട് ഞങ്ങള്‍ മലക്കപ്പാറയോടു യാത്ര പറഞ്ഞു. വാഴച്ചാല്‍ ഫോറെസ്റ്റ് റേഞ്ചിലേക്കു കയറിയപ്പോള്‍ വീണ്ടും ആനകഥകള്‍ ആയി സംസാരവിഷയം. ഓരോ വളവ് കഴിയുമ്പോഴും ആനയുണ്ടോ എന്നു പേടിച്ചായിരുന്നു ഇറക്കം. പെട്ടന്നു കുറെ വാഹനങ്ങള്‍ ഒരുമിച്ച് നിര്‍ത്തിയിരികുന്നത് കണ്ടു ഞങ്ങളും നിര്‍ത്തി. റിസര്‍വോയറിന്റെ അക്കരെ ആനയിറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ കുറച്ച് നേരം അവിടെ നിന്നു. കൊമ്പന്‍മാര്‍ ഈറ്റ വളിച്ചോടിക്കുന്ന ശബ്ദം കേട്ടെങ്കിലും ആരും പുറത്തേക്ക് വന്നില്ല. ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. നല്ല ക്ഷീണം തോന്നിയത്  കൊണ്ട് വണ്ടി ഒതുക്കി, വഴിയരികിലെ പുല്ലില്‍ കുറച്ചു സമയം കിടന്നു. താഴെ ചാലക്കുടി പുഴ ആര്‍ത്തലച്ച് ഒഴുകുന്നതിന്‍റെ ശബ്ദം, കിളികളുടെ കലപില ശബ്ദം, അതിനടയ്ക്കു ആന എങ്ങാനും വന്നാല്‍ എന്തു ചെയ്യും എന്നു ചര്‍ച്ച ചെയ്തു കൊണ്ട് ഞങ്ങള്‍ കിടന്നു. വീണ്ടും മലയിറക്കം. അതിരപ്പള്ളിയും പിന്നിട്ട് മുന്നോട്ട്, കാട് കഴിഞ്ഞപ്പോള്‍ ആണ് യാത്രയുടെ ക്ഷീണം അനുഭവവേദ്യമായി തുടങ്ങിയത്, കണ്ണുകള്‍ കഴയ്ക്കുന്നു, ആകെ തളര്‍ന്നത് പോലെ, കണ്ടു തീര്‍ത്ത കാഴ്ചകളെ മനസിലേക്ക് കൊണ്ട് വന്ന് ബൈക്കിന്‍റെ പുറകില്‍ കണ്ണടച്ചിരുന്നു.

***************************************************************

3 thoughts on “A Round Trip Bike Diary

  1. Akhila July 27, 2016 / 4:15 pm

    hey.. valare nalla description.. felt as if i was also traveling..

    Liked by 1 person

    • GJ July 28, 2016 / 4:56 am

      Thank You Akhila. :-). Though I could not explain all the things, thought the reader may get bored 🙂

      Liked by 1 person

Leave a comment